Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

27 Apr 2009

ഓര്‍മ്മകള്‍


വേരുണങ്ങാത്ത മുറിവിലിപ്പൊഴും

കോറിവലിക്കുന്നു മുള്ളുപോലോര്‍മ്മകള്‍

ഇന്നലെ മഴയായ്‌ കുളിരുപെയ്തെങ്കിലും

ഇന്നൊരു വേനലിന്‍ ചൂടില്‍ വിയര്‍ക്കുന്നു.

16 Jan 2009

നീ മടങ്ങുമ്പോള്‍

നീ യാത്രയായി
കര്‍മ്മബന്ധങ്ങളുടെ കെട്ടഴിച്ച്
കടപ്പാടുകളുടെ കടങ്ങള്‍ ബാക്കിവെച്ച്
എന്റെ സ്വപ്‌നങ്ങളുടെ അലുക്കഴിച്ച്
ഓര്‍മ്മകളുടെ കനല്‍ സൂക്ഷിക്കാനേല്പ്പിച്ച്...

തനിച്ചാകുമോ ഞാന്‍
നിന്റെ ഹൃദയതാളം
എന്നില്‍ മുഴങ്ങുവോളം...

28 Dec 2007

തുരുത്ത്‌

ഇത്‌
ചേക്കേറിയ പുതിയ ഇടം...
മഴയുടെ നിറവില്‍
രാത്രി സമ്മാനിച്ചത്‌
സ്നേഹത്തിന്റെ പച്ചപ്പ്‌
ഓര്‍മ്മയുടെ സുഗന്ധം,
വേരറ്റുപോവും മുന്‍പേ
തളിര്‍ക്കണം, പടര്‍ന്നുതണലാവണം
ഒരുവേളയെങ്കിലും
വരണ്ട ചുണ്ടുകളുടെ
ദാഹമകറ്റണം

15 Oct 2007

പ്രതീക്ഷ

കണ്ടെത്തും നാള്‍ വരെ,
നീ സ്നേഹത്തിന്നവസാനവാക്ക്‌.
പറയാത്ത മൊഴിയായ്‌
കേള്‍ക്കാത്ത സ്വപ്നമായ്‌;
വിടരാത്ത പൂവായെന്
‍സങ്കല്‍പ്പത്തില്‍ നിറയും
നിനക്കെന്നും പൂര്‍ണ്ണത.

10 Oct 2007

കടലിനോട്‌...

ചിരിതൂകി കളിയാടി തീരത്തുവന്നെന്നെ
തിരമാല കൈയാല്‍ തഴുകീടവേ,
ഒരുചെറു താരാട്ടിന്‍ സാന്ദ്വന സ്പര്‍ശമായ്‌
മാടിവിളിച്ചൊരെന്‍ ബാല്യകാലം.

സിന്ദൂരപൊട്ടുതൊട്ടോടിയെത്തുന്നരാ-
സന്ധ്യയെ നോക്കി ഞാന്‍ നിന്നീടവെ,
ഉള്ളിലലക്കുന്നു, ചിതറിത്തെറിക്കുന്നു
ജീവിതക്കടലിന്റെ നവ്യനാദം.

കുഞ്ഞിളം കാറ്റിന്റെ പഞ്ചാരിമേളത്തി-
ലലിയുന്നു നീ മൂളും സ്നേഹഗീതം
ഒരു പൊട്ടിച്ചിരിയാല്‍ നീ മറക്കുന്നുവോ
ഉള്ളിലൂറുന്നൊരാ നൊവിനാഴം.